കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം, ഊന്നുകൽ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി.
കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇൻസ്റ്റഗ്രാമിലൂടെ അർജുൻ ആയങ്കി വെല്ലുവിളിച്ചിരുന്നു.
ഈ കേസിൽ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനാണ് കസ്റ്റഡിയിൽവിട്ടത്. ആഭ്യന്തര മന്ത്രിയെ ഉൾപ്പെടെ വെല്ലുവിളിച്ചതിന് പിന്നാലെ കണ്ണൂരിൽ നിന്നാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി ഏഴോടെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
കുട്ടമ്പുഴ ഇൻസ്പെക്ടർ എ. ഷൈൻ കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. പുന്നേക്കാട് റിസോർട്ടിൽ നിന്ന് ക്രിമിനൽ ഗൂഢാലോചന കേസിൽ പിടിയിലായ അർജുൻ ആയങ്കിക്ക് കോതമംഗലം മജിസ്ട്രേറ്റ് കോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.